Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policy Statement

നയപ്രഖ്യാപനത്തിൽ മുഴങ്ങി സതീശന്‍റെ നെഹ്റുവിയൻ പ്രിയം

കോട്ടയം: നെഹ്‌റുവിയൻ ഇടതുപക്ഷമായി സ്വയം അഭിമാനിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ സഭാനേതാവായ പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗം ശ്രദ്ധേയമാകുന്നത് രാഷ്‌ട്രത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ ദർശനങ്ങൾക്കുള്ള മുൻഗണന കൊണ്ടാണ്.

പ്രസംഗത്തിലുടനീളം മൂന്നു പ്രധാന ഇടങ്ങളിലാണ് ഗവർണർ ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ വാക്കുകളെ സർക്കാരിന്‍റെ വഴികാട്ടിയായി ഉയർത്തിക്കാട്ടുകയും ചെയ്തത്.

ഒന്നിച്ചു പ്രവർത്തിക്കാം

എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തുൊരുമയും സഹകരണവും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ സർക്കാർ യാത്ര ആരംഭിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. ഇതിനായി നെഹ്‌റുവിന്‍റെ പ്രശസ്തമായ വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്: "ഒറ്റയ്ക്കു ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് ഒന്നിച്ച് ജോലി ചെയ്യുന്നതാണ്, പൊതുനന്മയ്ക്കായി ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും ഉത്തമം". ഈ ഉദ്ധരണി ജവർലാൽ നെഹ്‌റു ഇന്ദിര ഗാന്ധിയ്ക്ക് അയച്ച കത്തുകളുടെ സമാഹാരത്തിൽ നിന്നുമാണ്. ഈ ഒരുമയിലൂടെ മാത്രമേ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കൂ എന്നു സർക്കാർ അടിവരയിടുന്നു.

ജവഹർലാൽ നെഹ്‌റു സയന്‍റിഫിക് സെന്‍ററുകൾ

വിദ്യാഭ്യാസ മേഖലയുടെ ആധുനികവൽക്കരണത്തെക്കുറിച്ച് പ്രതിപാദിച്ച 38-ാം ഖണ്ഡികയിലാണ് നെഹ്‌റുവിനോടുള്ള രണ്ടാമത്തെ ആദരവ് പ്രകടമാകുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് "ജവഹർലാൽ നെഹ്‌റു സയന്‍റിഫിക് സെന്‍ററുകൾ" (Jawaharlal Nehru Scientific Centres) സ്ഥാപിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചു. നെഹ്‌റു ഉയർത്തിപ്പിടിച്ച ശാസ്ത്രബോധം (Scientific Temper) പുതിയ തലമുറയിലേക്ക് പകർന്നുനൽകാൻ ഈ കേന്ദ്രങ്ങൾ സഹായിക്കുമെന്നു സർക്കാർ പ്രത്യാശിക്കുന്നു.

ജനവിശ്വാസമാണ് പരമം

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഉപസംഹാരത്തോട് അടുക്കുമ്പോഴാണ് ഗവർണർ വീണ്ടും നെഹ്‌റുവിനെ അനുസ്മരിച്ചത്. ഭരണസംവിധാനത്തിന്‍റെ സുതാര്യതയും ജനവിശ്വാസവും എത്രത്തോളം പ്രധാനമാണെന്ന് ഓർമിപ്പിക്കാൻ നെഹ്‌റുവിന്‍റെ വരികൾതന്നെ അദ്ദേഹം വീണ്ടും കടമെടുത്തു: "ജനങ്ങൾക്ക് പൂർണ വിശ്വാസമുള്ളപ്പോഴാണ് ഒരു ഗവൺമെന്‍റ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്". ഈ ഉദ്ധരണി ജവർലാൽ നെഹ്‌റുവിന്‍റെ പ്രസംഗങ്ങളിൽനിന്നുമാണ്. ജനക്ഷേമത്തിൽ അധിഷ്ഠിതമായ ഒരു ഭരണശൈലിയായിരിക്കും സർക്കാർ പിന്തുടരുക എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ നെഹ്‌റുവിയൻ ദർശനങ്ങൾ.

Latest News

Corehub Up